ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്



എല്ലാവരും സത്യസന്ധരല്ല!!

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: 

ആറായിരത്തോളം പേരിൽ നിന്ന് 350 കോടിയോളം രൂപ തട്ടിയെന്നാണ് നിക്ഷേപകരുടെ പരാതി
എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജ്വല്ലറിയാണ്    കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമായി മുങ്ങിയതായി പരാതി വന്നിട്ടുള്ളത്  . ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആറായിരത്തോളം പേരിൽ നിന്ന് 350 കോടിയോളം രൂപ തട്ടിയെന്നാണ് നിക്ഷേപകരുടെ പരാതി. തട്ടിപ്പിൽ വിവിധ ജില്ലകളിലായി പത്തിലേറെ കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ജ്വല്ലറി ഗ്രൂപ്പിൻ്റെ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ ഷോറൂമുകളും ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയ നിലയിലാണ്.

ഒരു ലക്ഷം രൂപക്ക് ഒരു വർഷത്തിലെ എല്ലാ പ്രവർത്തി ദിനത്തിലും 900 രൂപ ലാഭവിഹിതം എന്നു പറഞ്ഞാണ്  നിക്ഷേപം സ്വീകരിച്ചത്. ശനി, ഞായർ ഉൾപ്പെടെ അവധി ദിനങ്ങൾ ഒഴിവാക്കി ഒരു വർഷം ശരാശരി 202 ദിവസം 900 രൂപ വീതം ലഭിക്കുമെന്നാണ് സ്ഥാപനം വിശ്വസിപ്പിച്ചത്. ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ വയനാട് എന്നീ ജില്ലകളിൽ ഏജന്റുമാരെ നിയോഗിച്ചായിരുന്നു സ്ഥാപനത്തിൻ്റെ നിക്ഷേപ സമാഹരണം.

202 ദിവസം 900 രൂപ = 181 ,800 രൂപ

ഒരു വർഷം ലാഭം മാത്രം 181 ,800 രൂപ
നിക്ഷേപ തുകയായ ഒരു ലക്ഷം  അവസാനം തിരിച്ചുകൊടുക്കാം എന്നും പറഞ്ഞിട്ടുണ്ടാകും.

മലയാളികളെ പറ്റിക്കാൻ ഇത്രയൊക്കെ മതി !!

പണം കൊടുക്കാൻ വേണ്ടി ആളുകൾ വരിനിൽക്കും!!

ആദ്യഘട്ടത്തിൽ ലാഭവിഹിതം നൽകിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ജ്വല്ലറികൾ പൂട്ടി ഉടമകൾ മുങ്ങി. ഇതോടെയാണ് നിക്ഷേപകരായ ആയിരങ്ങൾ പെരുവഴിയിലായത്. തട്ടിപ്പിനിരയായവർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചാണിപ്പോൾ നിയമ നടപടി തുടരുന്നത്. ലാഭവിഹിതവും നിക്ഷേപിച്ച തുകയും തിരിച്ചു നൽകാതെ ജ്വല്ലറികൾ അടച്ചു പൂട്ടിയതോടെ വിവിധ ജില്ലകളിലായി പത്തിലേറെ കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ജ്വല്ലറി ഉടമകളോടൊപ്പം  നിക്ഷേപം സ്വീകരിക്കുന്നതിന് ഇടനിലയക്കാരായി പ്രവർത്തിച്ച ഏജന്റുമാർ തുടങ്ങിയവർക്കെതിരെയാണ്  പൊലീസ് കേസെടുത്തത്. തട്ടിപ്പിനിരയായ കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതി നൽകാനും സാധ്യതയുണ്ടെന്ന് പറയുന്നു .

കേസ് കൊടുത്തതുകൊണ്ട് ഒരു പ്രയാജനവും ഉണ്ടാവാൻ സാധ്യതയില്ല, കാരണം ഇവരെല്ലാം മുങ്ങാൻ വേണ്ടി മാത്രം പൊങ്ങുന്നതാണ്! 

പണം കൊടുക്കാൻ ഉണ്ടെങ്കിൽ ഏതു തട്ടിപ്പുകാരെയും   , കുറ്റവാളികളെയും സംരക്ഷിക്കാനുള്ള ഫലപ്രദമായ സംവിധാനം നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് എനിക്കുതോന്നിയിട്ടുണ്ട് .

കാരണം ഒരു പത്രവാർത്തയോ, ടി വി വാർത്തയോ സാമൂഹ്യമാധ്യമങ്ങളിൽ പോലും വാർത്ത  വരാതെ ഇതേരീതിയിൽ സാമ്പത്തിക തട്ടിപ്പുനടത്തി മുങ്ങുന്നത് കേരളത്തിൽ  ഇപ്പോൾ  പതിവായിരിക്കുന്നു!!

പൊതുജനങ്ങളിൽ നിന്നും നിക്ഷേപം വാങ്ങി ലാഭവിഹിതം നൽകുന്ന സ്ഥാപനങ്ങളല്ല  ജ്വല്ലറികൾ , അവ സ്വർണ ആഭരണങ്ങൾ വില്പന   നടത്താൻ വേണ്ടി തുടങ്ങുന്നവയാണ് . 

സെക്യൂരിറ്റീസ്  ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപം നടത്തുക .

സെക്യൂരിറ്റീസ്  ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ ഏജന്റുമാരിൽനിന്നും മാത്രം നിക്ഷേപ നിർദ്ദേശം സ്വീകരിക്കുകയും അവരുടെ നിർദേശാനുസരണം മാത്രം     നിക്ഷേപിക്കുകയും ചെയ്യുക എന്നതുമാത്രമാണ് തട്ടിപ്പിൽ പെടാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് .

നിക്ഷേപ നിർദ്ദേശങ്ങൾ നൽകാൻ ഓരോ ഏജന്റും സെക്യൂരിറ്റീസ്  ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യേണ്ടതും അവരുടെ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതും നിർബന്ധമാണ്.

നിയമങ്ങൾ  ശക്തമാണ്, അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതാണ് പ്രശ്‌നം.

എല്ലാവരും സത്യസന്ധരല്ല!!

ഈ വിവരം എല്ലാവരിലേക്കും എത്താൻ വേണ്ടി ഷെയർ ചെയ്യുക .


വിനോദ് വി കെ 


 

Comments